ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു..


"അടി തെളിഞ്ഞ് ഒഴുകുന്ന ദക്ഷിണ ഗംഗയില്‍(നിളയില്‍) അരയോളം മുങ്ങി വിശ്വാസം അര്‍പിക്കണം അതിനായി ഞാന്‍ വരുന്നുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്.."എന്ന് ആലങ്കാരികമായി ഷേക്ക്‌സ്പെരിയന്‍ സോണട്ടിന്റെ അകമ്പടിയോടെ  അവസാനം വിളിച്ചപ്പോള്‍ "ഉമ ദീദി" പറഞ്ഞത് ആ മരണ വാര്‍ത്ത കേട്ടപ്പോള്‍ വേദനിപ്പിക്കുന്ന ഒരു സ്മരണയായി.കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഭാഭ അടോമിക് റിസര്‍ച്ച് സെന്റര്‍ (BARC)മുന്‍ ശാസ്ത്രജ്ഞയും,ഇന്ത്യന്‍ വിമണ്‍ സയന്റിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ്‌ ഉം ആയ "ഡോക്ടര്‍ ഉമ റാവു" വിന്റെ മരണം ബാക്കി വെക്കുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍.
    കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈ ഭാഭ അടോമിക് റിസര്‍ച്ച് സെന്റര്‍റിലെ 27കാരിയായ യുവ ശാസ്ത്രജ്ഞ"ടിതല്‍ പാള്‍" അണുശക്തി നഗറിലെ ഓഫീസ് ഹെഡ് കോര്‍ട്ട്യെഴ്സില്‍  തൂങ്ങി മരിച്ച വാര്‍ത്ത‍ ദീദി ഫോണിലൂടെ വിശദീകരിച്ചത് "ഒരു ഹൊറര്‍ ഫിലിം ക്ല്യ്മാക്സു" പറയുന്നത് പോലെ ആയിരുന്നു.കൂടെ കൂട്ടി ചേര്‍ത്ത് പറഞ്ഞു ഇതോടെ ഭാഭയിലെ(BARC) ആത്മഹത്യ കണക്ക് 680 ആയി ഉയര്‍ന്നു."
'അതെന്തേ ശാസ്ത്രലോകത്തെ ബുദ്ധി ജീവികള്‍ സ്വന്തം മനസിന്‍റെ  തമോഗര്‍ത്തം ഇതുവരെ ഗവേഷണം ചെയ്തില്ലേ' എന്ന എന്‍റെ ചോദ്യത്തിന് അന്ന് ദീദി ചിരിയോടെ പറഞ്ഞു " ശാസ്ത്രം  ജയിക്കുമ്പോള്‍ മനുഷ്യന്‍ തോല്‍കുന്നു...യുദ്ധ ആവശ്യത്തിനു വേണ്ടിയാണ് ക്ലോറോഫോം നിര്‍മ്മിച്ചത്‌ എന്നാല്‍ വേദന അറിയാതെ ശസ്ത്രക്രിയാ രംഗത്ത് അത് ഉപയോഗിക്കുന്നത് ചെറിയ കാര്യം ആണോ.ശാസ്ത്ര പുരോഗതി മനുഷ്യന് നല്‍കിയ ഒരു വരം പരസ്പരാശ്രയമില്ലാതെ പുലരാനുള്ള കഴിവാണ്.അത് ഗുണമാണോ ദോഷമാണോ എന്ന് എനിക്ക് അറിയില്ല.ആരുടേയും സഹായമില്ലാതെ ജീവിക്കാന്‍ കഴിയുന്നത്‌ നിസാര കാര്യമല്ല.പക്ഷെ ആശ്രയത്വ കുറവ് മനുഷ്യ മനോഭാവത്തിനു കാതലായ മാറ്റം വരുത്തും..സ്നേഹവും സഹവര്‍ത്തിത്വവും തകര്‍ന്നാല്‍ മനുഷ്യന്‍ നാശത്തിന്റെ പാതയിലാണ് എന്നാണര്‍ത്ഥം.വികലമായ ഈ മാറ്റത്തിന്‍റെ പ്രധാന കാരണം ശാസ്ത്രത്തിന്റെ വികാസം തന്നെ.മാല്‍സര്യതിന്റെയും സ്വാര്‍ത്ഥത യുടെയും ലോകം കൊഴിഞ്ഞു പോകുമ്പോള്‍ ആണ് യഥാര്‍ത്ഥമാനവലോകം തെളിയുക.അത്തരം ഒരു ലോക സ്രെഷ്ടിക്ക്‌ ശാസ്ത്രത്തിന്റെ വികാസം കാരണമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം." 
   ആ വാക്കുകളുടെ പൊരുള്‍ അന്ന് ഒന്നും മനസിലായിരുന്നില്ല എന്നാല്‍ ഇന്ന് ജീവിതത്തില്‍ തീര്‍ത്തും ഒറ്റ പെട്ട്..വിഷാദ രോഗത്തിന് അടിമപെട്ട്...സ്വയം സ്രെഷ്ടിച്ച "അസുഖം ആണ് എന്ന തോന്നലില്‍"(പറയത്തക്ക അസുഖം ഉണ്ടായിരുന്നില്ല എന്നത് സത്യത്തിന്‍റെ മറ്റൊരു മുഖം)  ശാസ്ത്രത്തിന്റെ  മറ്റൊരു കണ്ടു പിടുത്തമായ ക്ലോറോഫോമില്‍,ഒരു ശാസ്ത്രജ്ഞ മരണത്തിന്‍റെ അജ്ഞത ലോകത്ത് അമരുമ്പോള്‍ ശാസ്ത്രലോകം ഗവേഷണം ചെയ്യേണ്ടത് ധൈഷണിക സ്ത്രീ മസ്തിഷ്കങ്ങളുടെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത ദുരൂഹ ചംക്രമണങ്ങളെ ആണ് എന്ന് പറയേണ്ടിയിരിക്കുന്നു.
      അടങ്ങാത്ത ഇച്ചാ ശക്തിയും..അല്‍ഭുതപെടുത്തുന്ന പദസമ്പത്തും ഉണ്ടടായിരുന്ന ഡോക്ടര്‍ ഉമാ റാവു വിനെ ആദ്യമായി കാണുന്നത് 'ഓള്‍ ഇന്ത്യ ടീച്ചേര്‍സ് ട്രെയിനിംഗ് കോളേജ് മീറ്റില്‍ മുഖ്യ അഥിതിയായി വന്ന അവര്‍ "വിദ്യാലയങ്ങളില്‍ ശാസ്ത്ര ക്ലബിന്‍റെ പ്രസക്തി" എന്ന വിഷയത്തില്‍ ക്ലാസ്സ്‌ എടുത്തപ്പോള്‍ ആണ്.നല്ലബന്ധങ്ങള്‍ ഉടലെടുക്കുന്നത് നല്ല സംഭാഷണത്തിലൂടെ(സംബന്ധ മാഭാഷണ പൂര്‍വമാഹു: )എന്ന് കാളിദാസന്‍ പറഞ്ഞത് പോലെ...അന്നത്തെ ലെക്ച്ചരിംഗ് കഴിഞ്ഞ്‌ പിരിയുമ്പോള്‍ തുടര്‍ന്നങ്ങോട് ജീവിത വഴിയില്‍ ഉമാ മാഡം ഒരു വലിയ ദീപസ്തംഭമായി നിലനിന്നിരുന്നു.പിന്നീട് കാണുന്നത് അവര്‍ നാഷണല്‍  ജോഗ്രാഫിക് പ്രൊജക്റ്റ്‌ കോ ഓര്ഡ്നെറ്റെര്‍ ആയിരുന്ന സമയത്ത് ഒന്നിച്ചു ഒരു എട്ജു-പ്രൊജക്റ്റ്‌   ചെയ്യാന്‍ ഉള്ള ക്ഷണകത്ത് കിട്ടിയതനുസരിച്ച് തമിഴ് നാട്ടിലെ കല്പാക്കത്ത് "ഇന്ദിര ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച്"(IGCAR)ഇല്‍ വെച്ചായിരുന്നു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു പ്രഗല്‍ഭരായ നിരവധി പേര്‍ ഉണ്ടായിരുന്നിട്ടും വൈകുന്നേരങ്ങളിലെ മല്ലികപൂക്കള്‍ നിറഞ്ഞ വീഥിയിലൂടെ ഒരുമിച്ചുള്ള കോവില്‍  സന്ദര്‍ശനവും...ഉഴുന്ന് വടയും തൈര് സാദം കഴിക്കലും ഒരു അമ്മയുടെ..മകളോടുള്ള വാത്സല്യമായോ ,ഒരു ജേഷ്ഠ സഹോദരിയുടെ അനിയത്തിയോടുള്ള സ്നേഹമായോ...ഉടലെടുത്ത നാള്‍ മുതലാണ്‌ ഡോക്ടര്‍ മാഡം എനിക്ക് "ദീദി" ആയി മാറിയത്.പരിചയ പെടുന്നവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയാത്ത മഹത് വ്യക്തിത്വമായിരുന്നു അവര്‍.ഭാഭയിലെ തന്മാത്ര-ജീവശാസ്ത്ര വകുപ്പിന്റെയും ഫുഡ്‌ ടെക്നോളജി വകുപ്പിന്റെയും മേധാവി ആയിരുന്ന അവര്‍ നിരവധി അന്താ രാഷ്ട്ര സമ്മേളനങ്ങളുടെ ഇന്ത്യന്‍ കോ- ഓര്ഡ്നെറ്റെര്‍ ആയിരുന്നു.ഉമാ റാവു, ഭാഭയുടെ(BARC) മീഡിയ ഡിവിഷന്‍ സാരഥിയായിരുന്ന കാലത്ത് ചെയ്ത സേവനങ്ങള്‍ നിസ്തൂലമായിരുന്നു.ലാഭേച്ചയില്ലാത്ത സാമൂഹ്യ സേവനം ആണ് യഥാര്‍ത്ഥ ദൈവ വിശ്വാസം എന്ന് എപ്പോളും പറയുന്ന അവര്‍  നല്‍കിയ മികച്ച സാമൂഹ്യ വിദ്യാഭ്യാസ സേവനങ്ങളില്‍  ഒന്നായിരുന്നു നാഷണല്‍ ജോഗ്രാഫിക് പ്രൊജക്റ്റ്‌കള്‍.
       ശാസ്ത്രം കണ്ടുപിടുത്തങ്ങളിലൂടെ ശബ്ദത്തെയും..സമയത്തെയും..ദൂരത്തെയും അതിജീവിച്ചു.ആദിമ ശിലായുഗത്തില്‍ നിന്ന് ക്ലോണിംഗ് യുഗത്തില്‍ എത്തി നില്‍ക്കുന്ന മനുഷ്യന്‍റെ  കഠിനമായ അധ്വാനവും..മടുക്കാത്ത ഇച്ചാ ശക്തിയും പുതിയ പരിവര്‍ത്തനത്തിന് അവനെ സഹായിച്ചു.നിത്യ ജീവിതത്തില്‍ നഖം വെട്ടുന്നത് മുതല്‍ ഹൃദയം സ്പന്ദിക്കുന്നത് വരെ ശാസ്ത്രത്തിന്റെ ഹസ്താവലംബം കൊണ്ടുണ്ടായ നേട്ടമാണ്.ശൂന്യാകാശ ഗവേഷണവും ഗോളാന്തര സഞ്ചാരവും ആധുനിക മനുഷ്യനെ മറ്റു ഗ്രഹങ്ങളിലേക്ക് വാസത്തിനായി നയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.ജീവന്‍ രക്ഷാ മരുന്നുകളുടെ കണ്ടു പിടുത്തവും മാരക രോഗങ്ങളെ തടയാനുള്ള മനുഷ്യന്‍റെ ശാസ്ത്രജ്ഞനവും 
 ആധുനിക ജീവിതത്തില്‍ ഗണ്യമായ സ്വാധീനം ഉണ്ടാക്കി.ശാസ്ത്ര ശക്തിയുടെ തള്ളിച്ച സമാധാനത്തിന്റെയും പാരസ്പര്യത്തിന്റെയും വഴികളില്‍ വേലികള്‍  തീര്‍ക്കുമ്പോഴും'എങ്ങനെ  ബുദ്ധിമുട്ടാതെ സുഖമായി ജീവിക്കാം' എന്ന ബോധം ശാസ്ത്രക്ജര്‍  വികസിപ്പിച്ചെടുത്തത് അധ്വാനത്തിന്റെ മഹിമയല്ല മറിച്ച് അലസതയുടെ വല്ലായമയാണ്‌.
                ശാസ്ത്രത്തിന്റെ പരിണാമം മനുഷ്യന് നല്‍കിയ സുഖലോലുപതയുടെ ബാക്കിപത്രമായി  ശാസ്ത്രക്ജ്ഞരുടെ ജീവിതവും.!മദ്യത്തില്‍ പുരുഷജനങ്ങള്‍ അടിമപെടുമ്പോള്‍ ആത്മഹത്യയില്‍ സ്ത്രീ ജനങ്ങള്‍ അഭയം കണ്ടെത്തുന്നു.ബുദ്ധിയില്‍  "എവെരെസ്റ്റ് "ഓളം ഭാരതീയ ശാസ്ത്രജ്ഞര്‍ വളര്‍ന്നപ്പോള്‍ ആത്മീയതയില്‍ അറബിക്കടലിന്റെഅടിതട്ടോളം തളരുന്ന കാഴ്ചയാണ് ഭാഭ അടോമിക് റിസര്‍ച്ച് സെന്ററിലെ പെരുകുന്ന ആത്മഹത്യയുടെ തിരു ശേഷിപ്പ് എന്ന് വേദനയോടെ മനസിലാകുമ്പോള്‍ നാം അറിയാതെ പറഞ്ഞു പോകുന്നു...ശാസ്ത്രമേറെ (വളര്‍ന്നു) തളര്‍ന്നു...ശാസ്ത്രജ്ഞരും...മോക്ഷമെങ്ങനെ???